ബ്രിട്ടീഷ് സൂപ്പർ ഏജന്റ് ജെയിംസ് ബോണ്ടിന്റെ വേഷത്തിലേക്ക് തെലുങ്ക് താരം റാംചരണിനെ നിർദേശിച്ച് ഹോളിവുഡ് സംവിധായകൻ.
മാർവൽ പരന്പരയായ "ലൂക്ക് കേജ്' ഒരുക്കിയ ചിയോ ഹൊദാരി കോക്കറാണ് ഹോളിവുഡ് ചിത്രത്തിൽ റാംചരണ് അനുയോജ്യനായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത്.
ബോണ്ട് ചിത്രങ്ങളിൽ നിന്ന് ഡാനിയേൽ ക്രെയിഗ് പിൻമാറിയ സാഹചര്യത്തിൽ സൂപ്പർ ഏജന്റിനെ അവതരിപ്പിച്ച് കാണാൻ തനിക്ക് താത്പര്യമുള്ളവരുടെ പട്ടികയിലാണ് കോക്കർ റാംചരണിനെ ഉൾപ്പെടുത്തിയത്.
സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ഈ പട്ടികയിൽ ഹോളിവുഡ് താരം ഇദ്രിസ് എൽബ, മാത്യൂ ഗൂഡ്, സോപെ ഡിരിസു എന്നിവരുടെ പേരുമുണ്ട്.
കോക്കറുടെ പോസ്റ്റ് വൈറലായതോടെ ജെയിംസ് ബോണ്ടായി റാംചരണിനെ അവതരിപ്പിച്ചുള്ള പോസ്റ്ററുകളുമായി ആരാധകർ രംഗത്തെത്തി.
എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ് ചിത്രം "ആർ.ആർ.ആർ' നെറ്റ്ഫ്ളിക്സിൽ സൂപ്പർഹിറ്റായതിന്റെ പശ്ചാത്തലത്തിലാണ് കോക്കറുടെ ഈ അഭിപ്രായ പ്രകടനം.
നെറ്റ്ഫ്ളിക്സിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത് മുതൽ ഹോളിവുഡിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.