"പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമയാണ് തന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് നടി നൈല ഉഷ. അതിന് മുൻപും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാക്കരുടെ ഇടയിൽപ്പോലും ഒരു വിലയുണ്ടാക്കി തന്നത് ഈ ചിത്രമാണ്. അതിന് ജോഷി സാറിനോടാണ് നന്ദി.
സിനിമ ചെയ്യുന്ന സമയത്ത് ഇത്രയുമധികം സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഇപ്പോൾ ഒരു ഫോട്ടോ ഇട്ടാൽ പോലും മറിയം എന്ന് പറഞ്ഞ് വരുന്ന മെസേജുകൾ കാണുമ്പോൾ ഒരുപാട് സന്തോഷമാണ്.
രണ്ട് വർഷത്തിനിപ്പുറം വീണ്ടും ജോഷി സാറിന്റെ സിനിമയുടെ പോസ്റ്ററിൽ തന്റെ മുഖം വന്നു. ഇതൊരു മഹത്തായ നിമിഷമാണെനിക്ക്. സുരേഷ് ഗോപിക്കൊപ്പം ആദ്യമായി റൊമാൻസ് ചെയ്യുന്ന സിനിമകൂടിയാണ്. ഒരുപക്ഷെ സ്ക്രീനിലും അത് ആദ്യമായിരിക്കും.
സുരേഷേട്ടനെ മുമ്പേ എനിക്കറിയാം, പക്ഷേ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിക്കുന്നതിപ്പോഴാണ്, അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും നൈല ഉഷ പ്രതികരിച്ചു.
"പാപ്പൻ' എന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപിയും നൈലയും ഒന്നിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുലും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.