അരമണിക്കൂറുണ്ടോ മാറ്റിവയ്ക്കാൻ? "റൂഹ്' എന്ന പേരിൽ ഉദ്വേഗമുണർത്തുന്നൊരു ഹ്രസ്വചിത്രമുണ്ട് യൂട്യൂബിൽ. കെട്ടിലും മട്ടിലും സിനിമയുടെ ലുക്കുള്ള ചെറിയൊരു ത്രില്ലർ.
കോട്ടയം ബസേലിയോസ് കോളജിലെ പൂർവ വിദ്യാർഥികളായ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്മയാണ് ഈ ചെറു ചലച്ചിത്രക്കൂട്ടിന് പിന്നിൽ. ഹരീഷ് ഗോപിയാണ് രചനയും സംവിധാനവും. സിനിമാ അങ്ങാടിയുടെ ബാനറിൽ സഞ്ജു ഗോപാൽ, വിജോ വർഗീസ് എന്നിവരാണ് നിർമാണം.
സിനിമയുടെ അഴകളവുകളുള്ള ഈ കുട്ടിപ്പടം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തികച്ചും വ്യത്യസ്തമായൊരു കാഴ്ചയാണറൂഹ്. പുതുമയുള്ള ഇതിവൃത്തം. സസ്പെൻസ്, ഡ്രാമ, ഇമോഷൻ തുടങ്ങിയ രസക്കൂട്ടുകളെല്ലാമുണ്ട്.
ബാലു മുരളീധരനാണ് ക്രിയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം പ്രശാന്ത്. മുഹമ്മദ് സാലി, വി.കെ. നൈനാൻ, കലാമണ്ഡലം സ്വപ്ന നായർ, മിഥുൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ ഡബ്ല്യൂ.ഡബ്ല്യൂ. ജേക്കബ്സിന്റെ "ദി മങ്കീസ് പോ' എന്ന വിഖ്യാത ഹൊറർ കഥയുടെ മലയാള ഹ്രസ്വ ചിത്രാവിഷ്കാരമാണ് റൂഹ്.