"കടുവ'യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന "കാപ്പ' യുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൂജ ചടങ്ങിന് ശേഷം പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സ്വിച്ച് ഓണ്‍ കർമ്മം നിർവഹിച്ചു. നടൻ ജഗദീഷ് ആദ്യ ക്ലാപ് നൽകി ചിത്രീകരണം ആരംഭിച്ചു.
ജി.ആർ ഇന്ദുഗോപൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്നാണ്. തീയറ്റർ ഓഫ് ഡ്രീംസ് എന്ന ഇവരുടെ ബാനറിന് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പിന്തുണ നൽകുന്നു.
ഇന്ദുഗോപന്റെ "ശംഖുമുഖി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് കാപ്പ. തലസ്ഥാന നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കഥ പറയുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
കൊട്ട മധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യർ, ആസിഫ് അലി,അന്ന ബെൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. നന്ദു,ജഗദീഷ്,ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അണിനിരക്കും.
ജോമോൻ ടി. ജോണ്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്.