"പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സൂപ്പർ സ്റ്റാൻ സുരേഷ്ഗോപിയെ നായകനാക്കി ഒരുക്കുന്ന ചിത്രം "പാപ്പൻ' ജൂലൈ 29ന് തീയറ്ററുകളിൽ എത്തും. ഒരിടവേളയ്ക്ക് ശേഷം സൂപ്പർ കൂട്ടുകെട്ട് ഒന്നിക്കുന്നതിനാൽ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
സുരേഷ്ഗോപി ഒരിക്കൽ കൂടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മാസ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന ആർ.ജെ. ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിംഗ് ശ്യാം ശശിധരനും നിർവഹിക്കുന്നു. മനു മഞ്ചിത്, ജ്യോതിഷ് കാശി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയിയാണ്.