+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍; നടന്‍ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യത്തിനെതിരെ ഡബ്ല്യുസിസി

നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണ് ഇവിടെ തിരിച്ചറ
പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍; നടന്‍ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യത്തിനെതിരെ ഡബ്ല്യുസിസി

നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണ് ഇവിടെ തിരിച്ചറിയേണ്ടത് എന്നും ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.

യുവനടിയെ ബലാത്സംഗം ചെയതെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

തങ്ങള്‍ക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യത്തെ നിയമത്തിന്‍റെ ചട്ടക്കൂട് അനുസരിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്‍റെ കാര്യത്തില്‍ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷന്‍ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കുന്നു.

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ, പുതുമുഖ നടി, പോലീസില്‍ നല്‍കിയ ഔദ്യോഗിക പരാതിയോട് അയാള്‍ പ്രതികരിച്ചത് ഇങ്ങിനെയാണ് :

1. ഏപ്രില്‍ മാസം 24 മുതല്‍ ജൂണ്‍ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനില്‍ക്കുക വഴി, നിയമത്തിന്റെ മുന്നില്‍ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.

2.സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

3. തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും,
പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിക്കാനായി അയാള്‍
ശ്രമിച്ചതായും ആരോപണമുണ്ട്.ഈ കുറ്റാരോപിതനില്‍ നിന്ന് അതിക്രമങ്ങള്‍ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകള്‍ ഇതിനു മുമ്പും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ് . പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 പ്രകാരം, 28% തില്‍ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു.

അതിന്‍റെ കാരണവും ഇതേ പേറ്റേണ്‍ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങള്‍ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്.വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.അതിജീവിതക്കൊപ്പം അവള്‍ക്കൊപ്പം.