മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടൻ സുധീർ സുകുമാരൻ. വില്ലൻ വേഷങ്ങളിൽ അഭിനയം തുടങ്ങിയ സുധീറിനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ ഡ്രാക്കൂള സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ക്യാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നടൻ സുധീർ സുധി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന കാലത്തെ അനുഭവം വെളിപ്പെടുത്തുകയാണ് സുധീർ. അക്കാലത്ത് തന്നെ സഹായിച്ച മലയാളത്തിലെ ഒരു പ്രമുഖ നടനെ കുറിച്ചുള്ള സുധീറിന്റെ വാക്കുകൾ വൈറലാകുകയാണ്. എംജി ശ്രീകുമാർ അവതാരകനായ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധീർ.
'അമ്മ സംഘടനയിൽ നിന്ന് ഇൻഷുറൻസ് അടക്കമുള്ള ഹെൽപ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് പേർ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി.
സുരേഷേട്ടന്റെ നമ്പർ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണിൽക്കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടൻ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.
ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോൾ നന്ദി പറയാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈൻഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്സ് പോലും കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്'. - സുധീർ പറഞ്ഞു.