കാർ അപകടത്തെത്തുർന്ന് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ഒപ്പം നിന്ന കുടുംബത്തിനും ആരാധകർക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം മലൈക അറോറ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മലൈക ഒപ്പം നിന്നവരോട് നന്ദി പറഞ്ഞത്.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. പെട്ടെന്നു തന്നെ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചതിൽ നിങ്ങൾ ഓരോരുത്തരോടും എനിക്കു നന്ദിയുണ്ട്. രക്ഷകരായി നിരവധി മാലാഖമാർ എനിക്കു ചുറ്റിലും ഉണ്ടായിരുന്നു. എന്റെ സ്റ്റാഫുകളും ആശുപത്രിയിൽ എത്താൻ എന്നെ സഹായിച്ചവരും, കുടുംബവും, ആശുപത്രിയിലെ ജീവനക്കാരും എനിക്കൊപ്പം നിന്നു. ഇവരോടെല്ലാം നന്ദിയും കടപ്പാടും അറിയിക്കുകയാണ്.’– മലൈക അറോറ പറയുന്നു.
ഞാൻ ഈ അപകടത്തിൽ നിന്നും കൂടുതൽ കരുത്താർജിച്ച് തിരിച്ചു വരുമെന്ന് ഉറപ്പു വരുത്തിയ നിങ്ങൾക്ക് ഓരോരുത്തര്‍ക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഞാൻ ഒരു പോരാളിയാണെന്ന് ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു.’– മലൈക പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൂനെയിലെ ഒരു ഫാഷൻ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ മലൈകയുടെ കാർ അപകടത്തിൽപ്പെട്ടത്. നെറ്റിയിൽ പരുക്കേററ മലൈകയെ മുംബൈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.