സ്വാഭാവിക വനം തിരിച്ചുപിടിക്കാന്‍ കേരള വനംവകുപ്പ് നടത്തിയ പ്രചാരണത്തിന് ട്രോള്‍ കൊണ്ട് മറുപടി നല്കി മലയോര കര്‍ഷക സംഘടന. നമ്മുടെ കാലാവസ്ഥയിൽ വലിയ മാറ്റം വന്നു, ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട് തുടങ്ങിയ കാര്യങ്ങൾ പങ്കുവച്ചാണ് മഞ്ജു വാര്യർ വീഡിയോയിലൂടെ രംഗത്തെത്തിയത്. സ്വാഭാവിക വനം തിരിച്ചു പിടിക്കണമെന്ന ആഹ്വാനത്തിന് പ്രതികരണമായി, ഒരു കടലാസില്‍ സ്വാഭാവിക വനം എന്നെഴുതി തിരിച്ചുപിടിച്ച് നില്ക്കുന്ന കുട്ടികളുടെ ഫോട്ടോകളാണ് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
കേരള വനം വന്യജീവി വകുപ്പ് തങ്ങളുടെ യുട്യൂബ് ചാനലിൽ ഈ മാസം 19നാണ് വിഡിയോ പങ്കുവച്ചത്. 1 മിനിറ്റും 9 സെക്കൻഡുകളും മാത്രമുള്ള വിഡിയോയുടെ തുടക്കത്തിൽ മഞ്ജു പറയുന്ന കാര്യങ്ങളോട് തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ചില കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ലെന്നും കിഫ പറയുന്നു.
''എന്ന് മുതല്‍ നഷ്ടപ്പെട്ട സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? എവിടെയുള്ള സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? 1980 മുതല്‍ കേരളത്തിലെ സ്വാഭാവിക വനം 29 ശതമാനമായി നിലനില്ക്കുന്നു, അത് കൂടിവരുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ എവിടെ ആണ് സ്വാഭാവിക വനം നശിപ്പിക്കപ്പെടുന്നത് എന്നും ആരാണ് നശിപ്പിക്കുന്നത് എന്ന് അറിയാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്.''-എന്നാണ് സംഘടന പോസ്റ്റിലൂടെ പറയുന്നത്.