കായിക പശ്ചാത്തലത്തിലൂടെ ഒരു ഫാമിലി ഡ്രാമ അവതരിപ്പിക്കുന്ന ചിത്രമാണ് കപ്പ്. ബാഡ്മിന്റൺ പ്രേമിയായ ഒരു യുവാവിന്റെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കളിക്കളത്തിലെ വീറും വാശിയുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയായി വരുന്നു.
നവാഗതനായ സാംസൺ. ജെ. സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അനന്യാ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ്.
ഇടുക്കി ജില്ലയിലെ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിലായി കപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ മാത്യു തോമസാണ് ഈ ചിത്രത്തിലെ നായകൻ. നിർമാതാവും കളിയിക്കാവിള തമീൻസ് തീയേറ്റർ ശൃംഖലയുടെ ഉടമസ്ഥനുമായ തമീൻസ് ഷിബുവിന്റെ മകൾ റിയ ഷിബുവാണ് നായിക. തിരുവനന്തപുരം ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് റിയ.
മിന്നൽ മുരളിയിലൂടെ ഏറെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യു തോമസിന്റെ കണ്ണന് എന്ന കഥാപാത്രത്തിന്റെ അച്ഛൻ ബാബുവായാണ് ഗുരു സോമസുന്ദരം എത്തുന്നത്.
ബേസിൽ ജോസഫും നമിതാ പ്രമോദും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവരെക്കൂടാതെ ജൂഡ് ആന്റണി ജോസഫ്, ആനന്ദ് റോഷൻ, നന്ദു പൊതുവാൾ, മൃണാളിനി,
തുഷാര, രമാദേവി, അനന്ത്രിത എന്നിവരും പ്രധാന താരങ്ങളാണ്.
ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് അഖിലേഷ് ലതാ രാജും ഡെൻസൺ ഡ്യൂറോമും ചേർന്നാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.