ഒരു പൊടിക്ക് സ്പീഡ് കുറച്ച് പറയൂട്ടോ... ഉള്‍ട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ലെക്കേഷനില്‍ കെപിഎസി ലളിതയുമായുള്ള ഷൂട്ടിംഗ് അനുഭവം പറയുകയാണ് നിര്‍മല്‍പാലാഴി. സണ്‍ഡേ ഹോളിഡേ, ഉള്‍ട്ട തുടങ്ങിയ ചിത്രങ്ങളില്‍ കെപിഎസി ലളിതയ്ക്കാപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
ഉള്‍ട്ട എന്ന സിനിമയില്‍ മുഴുനീള ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കേയായിരുന്നു ലളിതച്ചേച്ചിയുടെ ഉപദേശം. അതോടെ ഷോട്ട് ഓകെയായി. ആ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. വളരെ സ്നേഹത്തോട അടുത്തിരുത്തി ഷൂട്ടിംഗിനിടയില്‍ കാര്യങ്ങള്‍ പറഞ്ഞു തരുമായിരുന്നു ലളിതചേച്ചി.
വിയോഗം വളരെ വേദനയുണ്ടാക്കുന്നു. അവസാനമായി കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കോഴിക്കോട് ദൈവമേ കാത്തോളീ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതാണ് കാരണം.
ഈ ഒരു രീതിതന്നെയായിരുന്നു സിനിമയില്‍ സജീവമായി നിന്നിരുന്ന കാലത്തോളം കെപിഎസി ലളിത എന്ന അഭിനേത്രി തുടര്‍ന്നുപോന്നിരുന്നത്. വലുപ്പച്ചെറുപ്പമില്ലാതെ ഒപ്പം അഭിനയിക്കുന്നവരോടു പെരുമാറുന്ന അവര്‍ സിനിമയില്‍ മാത്രമല്ല പുറത്തും സഹതാരങ്ങള്‍ക്ക് അമ്മ തന്നെയായിരുന്നു.
നാടകത്തില്‍നിന്നു വന്നതിനാല്‍ തന്നെ രണ്ടു തലത്തിലുള്ള അഭിനയ പരിചയവും അവര്‍ക്കുണ്ടായിരുന്നു. ഗ്രാമീണത തുളുമ്പുന്ന നന്മ വേഷങ്ങളും കുശുമ്പുകാരിയായും പത്രാസുകാരിയായും അവര്‍ നിറഞ്ഞാടിയപ്പോള്‍ അതിന്റെ ഗുണ വശം ലഭിച്ചതു മറ്റ് നടന്മാര്ക്കുകൂടിയായിരുന്നു.
മാടമ്പി എന്ന ബി. ഉണ്ണികൃഷ്ണന്- മോഹന്‍ലാല്‍ സിനിമയിലെ അമ്മ വേഷവും അമ്മ മഴക്കാറിന് കണ് നിറഞ്ഞു എന്ന ഗാനവും ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞുനില്ക്കുന്നു. ഇതിനൊപ്പം ഭ്രമരം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ തന്നെ അമ്മ വേഷവും പ്രേക്ഷകരെ കണ്ണീരണിയിപ്പിക്കുന്നതായി.
അപ്പുറത്ത് ലളിതചേച്ചി നില്‍ക്കുന്നതുകൊണ്ടാണ് മികച്ച അഭിനയം മറ്റുള്ളവര്‍ക്കു പുറത്തെടുക്കാന്‍ കഴിയുന്നതെന്നാണ് ഇതിനെക്കുറിച്ചു മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഇവരുടെ വിയോഗം മറ്റ് അഭിനേതാക്കളുടെ കൂടി നഷ്ടമാകുന്നത്.