രമേശൻ എന്ന സാധാരണ കുടുംബനാഥനിലൂടെ വർത്തമാനകാല കേരളത്തിലെ സാധാരണ കുടുംബങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ വരച്ചുകാട്ടുന്ന ഹ്രസ്വചിത്രമാണ് ഒരു സഹകരണ സെൽഫി.
സഹകരണ മേഖലയുടെ നന്മയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് ചിത്രകാരനും കോഴിക്കോട് കൊമ്മേരി സർവീസ് സഹകരണ ബാങ്ക് മാനേജരുമായ പ്രജി സി.പിയാണ്.
കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നു സാധാരണക്കാർക്ക് സേവനങ്ങൾ അപ്രാപ്യമായിക്കൊണ്ടിരിക്കുകയും സഹകരണ സ്ഥാപനങ്ങൾ ആധുനികവത്കരണത്തിന്റെ പാതയിലൂടെ ജനങ്ങൾക്ക് ആശ്വാസമാകുകയും ചെയ്യുന്ന സമകാലീന യാഥാർഥ്യം കുടുംബ പശ്ചാത്തലത്തിൽ ലളിതമായി അവതരിപ്പിച്ചതുകൊണ്ടുതന്നെ ഒരു സഹകരണ സെൽഫി എന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്.
ചിത്രം സംവിധാനം ചെയ്തത് റഷീദ് നാസാണ്. വിജയൻ കാരന്തൂർ, ടി.കെ ജോഷി, അപർണ, ഗംഗാധരൻ ആയടത്തിൽ, പത്മൻ പന്തീരാങ്കാവ്, പ്രമോദ് പുക്കുറ്റി, നിഖിൽ, ഗോപിക വിശ്വനാഥ്, ഗൗരി വിശ്വനാഥ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമാണം എ.എം. അജയകുമാറാണ് (സെക്രട്ടറി കൊമ്മേരി സർവീസ് സഹകരണ ബാങ്ക്)
ഉണ്ണി നീലഗിരി ഛായാഗ്രഹണവും സബീഷ് കൊമ്മേരി ഗാനരചനയും സംഗീതവും നിർവഹിക്കുന്നു.