തെലുങ്ക് യുവതാരം അല്ലുഅർജുൻ നായകനായ ബ്രഹ്മാണ്ഡചിത്രം പുഷ്പ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രത്തിൽ അല്ലുവിനൊപ്പം പ്രശംസ നേടുന്നത് മലയാളി താരം ഫഹദ് ഫാസിലാണ്. വില്ലൻ വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഫഹദിനെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഫഹദിനെ വാനോളം പുകഴ്ത്തി അല്ലു അർജുൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫഹദ് ഒരു അസാമാന്യ നടനാണെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹമെന്നും അല്ലു അഭിപ്രായപ്പെട്ടു.
"ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ടുതന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനത് ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു.'- അല്ലു പറയുന്നു.
ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് തന്നെ സംബന്ധിച്ചു മികച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായിരുന്നുവെന്നും അല്ലു കൂട്ടിച്ചേർത്തു. ഫഹദിന്റെ രീതികൾ തന്നെ വല്ലാതെ ആകർഷിച്ചുവെന്നും പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് ഏറെ അദ്ഭുതപ്പെടുത്തിയെന്നും അല്ലു അർജുൻ പറഞ്ഞു.