ഇന്ദ്രൻസ് വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ വാമനന്റെ ചിത്രീകരണം ഇടുക്കിയിൽ പുരോഗമിക്കുന്നു. നവാഗതനായ എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൈക്കോ ത്രില്ലറായാണ് ഒരുങ്ങുന്നത്.
ഒരു ഹിൽ ഏരിയയിലെ ഹോം സ്റ്റേ മാനേജരായ വാമനനായാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. കൂടാതെ, ബൈജു സന്തോഷ്, നിർമ്മൽ പാലാഴി, കലന്തൻ ബഷീർ, ദിൽഷാന ദിൽഷാദ്, ആദിത്യ, ജിജോ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് നിഥിൻ ജോർജ് ഈണം പകർന്നിരിക്കുന്നു. അരുൺ ശിവൻ ഛായാഗ്രഹണവും ബാബുരത്നം എഡിറ്റിംഗും നിർവഹിക്കുന്നു. മൂവി ഗാംഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു, കെ.ബി. സമഹ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.