മെഗാവിജയം നേടിയ കന്നഡ ബ്രഹ്മാണ്ഡചിത്രം കെജിഎഫിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു ജനശ്രദ്ധ നേടിയ ഗരുഡ റാം ആദ്യമായി നായക വേഷമണിയുന്നു. സ്തംഭം 2 എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലാണ് ഒരുങ്ങുന്നത്.
മുഴുനീള ആക്ഷൻ ചിത്രമായ സ്തംഭം 2 സതീഷ് പോൾ ആണ് സംവിധാനം ചെയ്യുന്നത്. പോൾ ബ്രദേഴ്സിന്റേതാണ് തിരക്കഥ.
ഡെക്കാൻ കിംഗ് മൂവി പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ മൂന്നാംവാരം പാലായിൽ ആരംഭിക്കും. ബംഗളൂരുവിലെ വ്യവസായ പ്രമുഖനും മലയാളിയുമായ ബിജു ശിവാനന്ദ്, സതീഷ് പോൾ, വി.രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നായക പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് കന്നട നടൻ സന്ദീപ് ഷെരാവത്ത് ആണ്. മിസ് ഇന്ത്യ റണ്ണറപ്പ് ആലിയ, ബേബി അന്ന എലിസബത്ത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
കെ.സി. ദിവാകർ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് ചിത്രസംയോജനവും ഡോ. സുരേന്ദ്രൻ സംഗീതസംവിധാനവും നിർവഹിക്കുന്നു.
ശക്തരായ രണ്ടു മല്ലന്മാരുടെ കഥ പറയുന്ന ചിത്രമായതുകൊണ്ടാണ് സിനിമയ്ക്ക് സ്തംഭം 2 എന്ന് പേരിട്ടതെന്ന് സംവിധായകൻ സതീഷ് പോൾ പറയുന്നു.
പാല, എറണാകുളം സിനിമാവില്ലേജ് എന്നിവിടങ്ങളിലായി പൂർത്തിയാകുന്ന സ്തംഭം 2 വിന്റെ പൂജ ചടങ്ങ് ബംഗളൂരുവിലെ ഡോ. അംബരീഷ് ഓഡിറ്റോറിയത്തിൽ നടന്നു.