മരക്കാർ എന്ന വലിയ സിനിമയെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം. "സിനിമയെ, നാടിനെ സ്നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം. നമ്മൾ എല്ലാവരും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിന് പിന്നിൽ ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളുണ്ട്.
ഈ ചിത്രത്തിന് നൽകുന്ന സ്നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. മലയാള സിനിമയിൽ വലിയ ചിത്രങ്ങൾ കുറവാണ്. ഇനിയും വലിയ ചിത്രങ്ങൾ ഉണ്ടാകണം.
ദൗർഭാഗ്യവശാൽ സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നുണ്ട്. പൈറേറ്റഡ് കോപ്പികൾ പ്രചരിപ്പിക്കരുത്, അത് നിയമവിരുദ്ധമാണ്. ഒരുപാട് ആളുകളുടെ സ്വപ്നങ്ങളെ തകർക്കുകയാണ് അതിലൂടെ സംഭവിക്കുന്നത്. പൈറസിയിൽ നിങ്ങൾ പെട്ട് പോകരുത്.
ഈ സിനിമയ്ക്ക് തുടക്കത്തിൽ ഒരുപാട് ആവശ്യമില്ലാത്ത പ്രചാരണങ്ങൾ നടന്നു ആദ്യം. കാര്‍മേഘമൊക്കെ മാറി. സൂര്യന് കത്തിനില്‍ക്കുന്നത് പോലെ മാറും എന്നാണ് പ്രതീക്ഷ. സിനിമ കാണുന്ന ആര്‍ക്കും അത്തരത്തിലുള്ള കുറ്റങ്ങള്‍ പറയാന്‍ സാധിക്കില്ല.
ഒരുപാട് പേരുടെ ജോലിയുടെ ഫലമാണ് സിനിമ. ഇത്തരം പ്രവണതകൾ പാടില്ല. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമയ്ക്കായി അണി ചേരുമെന്ന് വിശ്വസിക്കുന്നു. വീണ്ടും കാണാം. മോഹന്‍ലാൽ വീഡിയോയിൽ പറയുന്നു.