സൽമാൻ ഖാന്റെ ലളിതമായ ജീവിതശൈലിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ബോളിവുഡിൽ ചർച്ചയാകുന്നു. എസിയൊന്നുമില്ലാത്ത ഫാൻ മാത്രമായി സോഫയിൽ കിടക്കാൻ തയ്യാറാകുന്ന ആളാണ് സൽമാൻ എന്നാണ് സംവിധായകൻ മഹേഷ് മഞ്ജരേക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
സൽമാൻ ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം അന്തിം ദ ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിന്റെ സംവിധായകനാണ് മഹേഷ്. സൽമാന്റെ സഹോദരീ ഭർത്താവ് ആയുഷ് ശർമയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത്.
"സൽമാൻ ഭായിയുടെ ജീവിതശൈലി, വീട്, ഒക്കെ വളരെ ലളിതമാണ്. പുതിയ മോഡൽ ഫോണുകളോടോ കാറുകളോടോ, ടെലിവിഷനോടോ അദ്ദേഹത്തിന് താൽപ്പര്യമില്ല.ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് ഉപയോഗിക്കാനൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തിന് സിനിമകളിൽ മാത്രമാണ് താൽപര്യം.
നിങ്ങൾ അദ്ദേഹത്തെ കുറച്ച് നേരം തനിച്ചാക്കിയാൽ, ആ സമയത്ത് അദ്ദേഹം സിനിമ കാണും. അടിസ്ഥാനപരമായ ഉപകരണങ്ങൾ മാത്രമുള്ള ജിം ആണ് സൽമാന്റേത്. കാറോ മറ്റോ വാങ്ങാൻ കുടുംബാംഗങ്ങൾ നിർബന്ധിക്കണം അല്ലെങ്കിൽ അതിലൊന്നും അദ്ദേഹം ശ്രദ്ധയേ കൊടുക്കാറില്ല". ആയുഷ് പറയുന്നു.
നവംബർ 26നാണ് അന്തിം ദ ഫൈനൽ ട്രൂത്ത് തീയേറ്ററുകളിലെത്തിയത്. ചിത്രം പുറത്തിറങ്ങിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി തന്റെ ആരാധകർ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനെതിരേ സൽമാൻ തന്നെ രംഗത്തെത്തിയിരുന്നു.