നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ത തവളയുടെ ത'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, ആസിഫ് അലി, സിദ്ദിഖ്, ആന്റണി പെപ്പെ, രജീഷ വിജയന്, സംവിധായകന് ജിബു ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
കുട്ടമത്ത് ഹൈസ്കൂളിലെ 1992-ലെ മൂന്നാം ക്ലാസിലെ പൂര്‍വകാല ഫോട്ടോ ആണ് പോസ്റ്ററില്‍ കാണുന്നത്. ബിഗ് സ്റ്റോറീസ് മോഷന്‍ പിക്ചേഴ്സിന്റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങള്‍ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ‘ത തവളയുടെ ത' എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട്, കണ്ണൂര്‍ മറ്റ് പരിസര പ്രദേശങ്ങളുമായി പുരോഗമിക്കുന്നു.
കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീര്‍ത്തുമൊരു ഫാന്റസി മൂഡിലുള്ള കുടുംബ ചിത്രമാണ് ‘ത തവളയുടെ ത'. ചിത്രത്തില്‍ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ബാലതാരങ്ങള്‍ക്ക് പുറമേ സെന്തില്‍ കൃഷ്ണ, അനുമോള്‍, ആനന്ദ് റോഷന്, ഗൗതമി നായര്‍, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദന് ഉണ്ണി, ജെന്സണ് ആലപ്പാട്ട്, ഹരികൃഷ്ണന്, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.