ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന് മുന്നോടിയായി ഹയർസെക്കൻഡറി-കോളജ് വിദ്യാർഥികൾക്കായി വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കമന്ററി മത്സരത്തിൽ ജലമേളയുടെ ചരിത്രം, പങ്കെടുക്കുന്ന വള്ളങ്ങളുടെ സ്വഭാവം, ഉച്ചാരണശുദ്ധി, നിരീക്ഷണപാടവം എന്നിവ വിജയിയെ തീരുമാനിക്കുന്നതിന് മാനദണ്ഡമായിരിക്കും. അഞ്ചുമിനിട്ട് സമയത്തേക്ക് മലയാളത്തിലാണ് കമന്ററി പറയേണ്ടത്. വള്ളംകളി ഭാവനയിൽ കണ്ടു പറയുന്ന മികവിനാണ് സമ്മാനം നൽകുക. നാല് ട്രാക്കുകളിൽ ആയി പേരെടുത്ത ചുണ്ടൻ വള്ളങ്ങൾ മത്സരിക്കുന്നുവെന്ന് കരുതി കമന്ററി അവതരിപ്പിക്കണം. മുല്ലയ്ക്കൽ പഴവങ്ങാടി ജംഗ്ഷനിലുള്ള ജുവൽ ഹാളിൽ ഏഴിന് ബുധനാഴ്ച രാവിലെ 10.30നാണ് മത്സരം നടക്കുക. പങ്കെടുക്കേണ്ട വിദ്യാർഥികൾ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ ഏതെങ്കിലും രേഖയുമായി എത്തണം.