വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവരെ അനുസ്മരിച്ച് നടൻ ദുൽഖർ സല്മാൻ. ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന ഈ രണ്ട് കുട്ടികൾക്കുമൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് മഹത്തായ കാര്യമായി കാണുന്നുവെന്നും ഇവരുടെ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും താരം കുറിച്ചു.
‘ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന പെൺകുട്ടികൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മഹത്തായ കാര്യമായി ഞാൻ കാണുന്നു. സല്യൂട്ട് എന്ന സിനിമയിൽ അൻജന ഒരു ചെറിയ വേഷം ചെയ്തിരുന്നു. അൻസി എന്നോടൊപ്പം ഒരു ടിവി പരസ്യം ചെയ്തു. പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു.’–ദുൽഖർ കുറിച്ചു.
തിങ്കളാഴ്ച കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ അൻജനയും ആൻസിയും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചാണ് അപകടമുണ്ടായത്.