സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശത്തിനർഹയായ അട്ടപ്പാടിയുടെ സ്വന്തം വാനമ്പാടി നഞ്ചിയമ്മയെ 'സിഗ്നേച്ചർ' സിനിമയുടെ അണിയറ പ്രവർത്തകർ ചേർന്ന് അനുമോദിച്ചു. ലൊക്കേഷനിൽ നടന്ന ചടങ്ങിൽ അട്ടപ്പാടിയുടെ തനിമ വിളിച്ചോതുന്ന ഒരു നാടൻപാട്ട് പാടി നഞ്ചിയമ്മ ഈ ആഘോഷത്തിൽ പങ്കുചേർന്നു.
മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന "സിഗ്നേച്ചറി'ന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് സിഎംഐ വൈദികനായ ഫാ. ബാബു തട്ടിൽ ആണ്. തിരക്കേറിയ ജീവിത സാഹചര്യത്തിൽ അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും നേർകാഴ്ചയായ "പൊട്ടിയമ്മ' എന്ന കഥാപാത്രത്തെയാണ് നഞ്ചിയമ്മ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ കാർത്തിക് രാമകൃഷ്ണൻ നായകനാവുന്നു. ആൽഫി പഞ്ഞിക്കാരനാണ് നായിക. ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജെസി ജോർജ് എന്നിവർ ചേർന്നാണ് സിഗ്നേച്ചർ നിർമ്മിക്കുന്നത്.