അന്റോണിയോ മോഷൻ പിക്ചേഴ്സ് ആൻഡ് സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന "താര'യുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നടി മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തു.
സ്ത്രീ ജീവിതത്തിന്റെ സ്വാതന്ത്ര്യ ഇടങ്ങളെ ചർച്ച ചെയ്യുന്ന സിനിമയിൽ സിതാര എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്. ചെന്നൈ നഗരത്തിൽ നിന്നു കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്.
ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'മാലിക്ക് 'സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനാണ്. ഒപ്പം വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പ്രധാന താരങ്ങങ്ങളായുണ്ട്. 'രാക്ഷസൻ' എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിൽ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി 'താര'യ്ക്കുണ്ട്.
സംവിധായകന്റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ബിബിൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും, വിഷ്ണു വി. ദിവാകരൻ സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം കേരളത്തിൽ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ ചെന്നൈയിലാണ്.