സോമൻ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിലും പരിസരങ്ങളിലുമായി പൂർത്തിയായി.
സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമകൾ ചെയ്തിട്ടുള്ള സോമൻ അമ്പാട്ട് ഒരു നീണ്ട ഇടവേളക്കുശേഷമാണ് വീണ്ടും മുഖ്യധാരാ സിനിമയിലേക്കു കടന്നുവരുന്നത്.
ഈ സിനിമക്കു പുറമേ സോമൻ അമ്പാട്ടിന്റെ രണ്ടു ചിത്രങ്ങളുടെ ജോലികളും നടന്നുവരുന്നു.
ജയശീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദയ് ശങ്കർ എന്നിവരാണ് അഞ്ചിൽ ഒരാൾ തസ്കരൻ നിർമ്മിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുകയാണ് ഈ ചിത്രം.
സ്നേഹവും, നന്മയും, പ്രതികാരവും. നർമ്മവും, അക്ഷനും, പ്രണയവുമൊക്കെ ഘടകങ്ങളായ ഒരു തികഞ്ഞ കൊമേഴ്സ്യൽ എന്റർടെയ്നർ തന്നെയാണ് ഈ ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
പുതുമുഖനടൻ സിദ്ധാർത്ഥ് രാജനാണ് ഈ ചിത്രത്തിൽ നായകനായെത്തുന്നത്. ശ്രാവണയാണ് നായിക. കലാഭവൻ ഷാജോൺ, രൺജി പണിക്കർ ,ഹരിഷ് കണാരൻ, ഇന്ദ്രൻസ്, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, ഹരീഷ് പേരടി, അരിസ്റ്റോ സുരേഷ്, സുബ്രഹ്മണ്യൻ ബൊൾഗാട്ടി,
അംബിക, നീനാ കുറുപ്പ്, സാധികാ വേണുഗോപാൽ, കുളപ്പുള്ളി ലീല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് ജയേഷ് മൈനാഗപ്പള്ളിയാണ്. പ്രസാദ് പണിക്കരാണ് സ്ക്രിപ്റ്റ് കൺസൾട്ടന്റ്. മണികണ്ഠൻ ഛായാഗ്രഹണവും സന്ദീപ് നന്ദകുമാർ എഡിറ്റിംഗും നിർവഹിക്കുന്നു. പി.കെ. ഗോപി, പി.ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ് ജോസഫ് ഈണം പകർന്നിരിക്കുന്നു.