സൂര്യ നായകനായ അയൻ സിനിമയിലെ സീൻ അതേപടി പുനരാവിഷ്കരിച്ച് രാജാജി നഗർ
ചെങ്കൽചൂള കോളനിയിലെ ഒരുകൂട്ടം ആരാധകർ പുറത്തിറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. സാക്ഷാൽ സൂര്യ വരെ വീഡിയോ കണ്ട് കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ, മറ്റൊരു കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് ചെങ്കൽചൂള ടീം. ഇത്തവണ വിജയ് ചിത്രമായ തെരിയിലെ രംഗമാണ് ഇവർ പുനരാവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ മൂന്നു മിനിറ്റ് നീളുന്ന ആക്ഷൻ രംഗം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് കുട്ടിക്കൂട്ടം.
ആധുനിക സൗകര്യങ്ങളൊന്നുമില്ലാതെ ഒരു സ്മാർട്ട് ഫോൺ മാത്രം ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചതും എഡിറ്റ് ചെയ്തിരിക്കുന്നതും. പുതിയ വീഡിയോയ്ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.