നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും.
ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു നെടുമുടി വേണു എന്ന് അദ്ദേഹം പറഞ്ഞു.ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്കാന് ആവുന്നില്ല.കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും.
ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്.
ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല...