മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ പുഴുവിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി. ഇരുവർക്കുമൊപ്പം മാസ്റ്റർ വസുദേവ് സജീഷ് ആണ് പോസ്റ്ററിലുള്ളത്.
നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന് കഥയൊരുക്കിയിരിക്കുന്നത് ഹർഷദ് ആണ്. ഷർഫു, സുഹാസ്, ഹർഷദ് എന്നിവരുടേതാണ് തിരക്കഥ. മമ്മൂട്ടിയും പാർവതി തിരുവോത്ത് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.
ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മമ്മൂട്ടിയുടെ ലുക്കിനു മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. ദീപു ജോസഫ് ചിത്രസംയോജനവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജും വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനുമാണ് നിർവഹിക്കുന്നത്.