പ്രേമം എന്ന സിനിമയിലെ മലർ മിസ് ആയി വന്ന് കേരളത്തിലെ യുവാക്കളുടെ മനം കവർന്ന നായികയാണ് സായി പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യയിലൊട്ടാകെ സായി പല്ലവിയുടെ ഡിമാൻഡ് കൂടി. പിന്നീട് തെലുങ്കിലും തമിഴിലുമൊക്കെ സായി സജീവമായി.
ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ മറ്റ് നടിമാരെക്കാൾ കൂടുതൽ നിബന്ധനകൾ സായി മുന്നോട്ട് വയ്ക്കുമായിരുന്നു. അതിലൊന്ന് ഗ്ലാമറസ് വേഷങ്ങളോ ചുംബന രംഗങ്ങളിലോ അഭിനയിക്കുക ഇല്ലെന്നായിരുന്നു.
എന്നാൽ നാഗചൈതന്യയ്ക്കൊപ്പം അഭിനയിച്ച പുതിയ ചിത്രത്തിൽ സായി പല്ലവി ഒരു ചുംബന രംഗത്തിൽ അഭിനയിച്ചിരിക്കുകയാണ്. ഇതോടെ സിനിമ കണ്ടവരെല്ലാം നടിയെ ചോദ്യം ചെയ്തുകൊണ്ടു രംഗത്ത് വന്നു.
സിനിമയ്ക്ക് വേണ്ടി ചുംബിക്കില്ലെന്നത് അടക്കം ഇതുവരെ ഉണ്ടായിരുന്ന നിലപാടുകളെല്ലാം സായി മാറ്റിയോ എന്ന ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. ഇതോടെ ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടി പറഞ്ഞ് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ലൗസ്റ്റോറി. പേര് സൂചിപ്പിക്കുന്നത് പോലെ റൊമാൻറിക് ഡ്രാമ മൂവി തന്നെയാണ് ലൗ സ്റ്റോറി. ശേഖർ കാമുല തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ സെപ്റ്റംബർ ഇരുപത്തിനാലിനാണ് റിലീസ് ചെയ്തത്. ഒരു ഓണ്ലൈൻ പോർട്ടലിന് നൽകിയ പ്രതികരണത്തിലാണ് സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് നടി വ്യക്തമാക്കിയത്.
ഞാൻ കിസ് ചെയ്യുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. അത്തരം രംഗങ്ങളോട് താൽപര്യവുമില്ല. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാനായി സംവിധായകൻ എന്നെ നിർബന്ധിച്ചിട്ടുമില്ല. നാഗചൈതന്യയെ ഞാൻ ചുംബിച്ചിട്ടില്ല, അത് വെറും കാമറ ട്രിക്ക് മാത്രമാണ്. ഈ സിനിമയെ കുറിച്ച് പറഞ്ഞ സമയത്ത് തന്നെ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ എൻറെ നിലപാടുകളിലൊന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല .--സായ് പല്ലവി പറഞ്ഞു.
അതേ സമയം റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് തനിക്ക് താൽപര്യം കുറവുള്ളതിൻറെ കാരണവും നടി വ്യക്തമാക്കി. ഒറിജിനൽ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
മറ്റൊരാൾ ചെയ്ത് വെച്ച കഥാപാത്രം ഏറ്റെടുക്കാൻ താൽപര്യപ്പെടാറില്ല, അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ട് കഴിഞ്ഞാൽ ഈ കഥാപാത്രം എന്തിനാണ് ഏറ്റെടുത്തതെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വരുന്നതിനോട് എനിക്ക് തീരെ താൽപര്യമില്ല.-സായി കൂട്ടിച്ചേർത്തു.
ചുംബനരംഗങ്ങളെ കുറിച്ച് മാത്രമല്ല സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞും ഒരു ഡോക്ടർ കൂടിയായ സായി പല്ലവി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഒരു പരസ്യത്തിൽ അഭിനയിക്കുന്നതിന് രണ്ട് കോടി വരെ നൽകാമെന്ന് പറഞ്ഞുള്ള ഓഫറുകളും നടി വേണ്ടെന്ന് വച്ചിരുന്നു.