അഭിനയമികവ് കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളസിനിമയിൽ അരങ്ങേറിയ ഐശ്വര്യ പിന്നീട് ഹിറ്റ് സിനിമകളുടെ ഭാഗമായി മാറി.
തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ച താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം അർച്ചന 31 നോട്ടൗട്ട് ആണ്.
ഇപ്പോഴിതാ തന്റെ അഭിനയത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരു ആക്ടിംഗ് വർക്ക്ഷോപ്പിൽ പങ്കെടുത്തതുകൊണ്ട് അഭിനയം മെച്ചപ്പെടുത്താമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് താരം പറയുന്നു. അത്തരം വർക്ക്ഷോപ്പുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും അവർ പഠിപ്പിച്ചു തരുന്ന ടെക്നിക്കുകൾ ഉപബോധമനസിന്റെ തലത്തിലാണ് തന്നെ സഹായിച്ചിട്ടുള്ളതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
"പഠിച്ചു വയ്ക്കുക, അത് ഏതെങ്കിലും സാഹചര്യത്തിൽ പ്രയോജനകരമാകും. അതാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ഞാനൊരു മെത്തേഡ് ആക്ടറല്ല. ഒരു സീനിൽ സംവിധായകൻ നൽകുന്ന നിർദേശങ്ങളെ പിന്തുടരുന്ന രീതിയാണ് എന്റേത്.'- ഐശ്വര്യ ലക്ഷ്മി പറയുന്നു.