ആലപ്പുഴ: കൊമ്മാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരുസ്മാരക സമിതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എസ്.എൻ. ഗുരുമന്ദിരത്തിൽ വൈകുന്നേരം 6.30ന് ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. നവരാത്രി മഹോത്സവ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ഗായത്രി അരുണ്‍ നിർവഹിക്കും. തുടർന്ന് സരസ്വതിപൂജ, ദീപാരാധന, സംഗീത ഭജന എന്നിവ നടക്കും. 19 വരെ നടക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ ദിനങ്ങളിൽ നാടകം, നൃത്തനൃത്യങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ നടക്കും. 18ന് രാത്രി 7.30ന് നടക്കുന്ന ചടങ്ങിൽ വി.പി. ഗോപിനാഥ് സമ്മാനവിതരണം നടത്തും. 19ന് രാവിലെ 6.30ന് വിദ്യാരംഭവും പൂജയെടുപ്പും, ഡാൻസ്, വായ്പാട്ട്, ഉപകരണസംഗീതം എന്നിവയുടെ ക്ലാസുകളും ആരംഭിക്കുമെന്ന് നവരാത്രി മഹോത്സവ കമ്മറ്റി പ്രസിഡന്റ് ആലപ്പി സുരേഷ്, സെക്രട്ടറി എ.പി. ഷൈൻ, കെ.സി. കേരളീയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.