പൂച്ചാക്കൽ: കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരാശാന്റെ സ്മരണാർഥം കഥകളി ക്ലബിന് തുടക്കമായി. കഥകളിയെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ സൗഹൃദ കൂട്ടായ്മയാണ് ക്ലബിന് രൂപം നൽകിയത്. കേരള കലാമണ്ഡലം റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ ഉദ്ഘാടനം ചെയ്തു. തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം മാനേജർ സി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി അനുസ്മരണസമ്മേളനം, കഥകളി ആസ്വാദനക്ലാസ്, കഥകളി എന്നിവയും നടന്നു. കലാനിലയം കരുണാകരകുറുപ്പ്, രാധാകൃഷ്ണൻ, സന്ദീപ് മുരളീധരൻ, പീശപ്പള്ളി രാജീവ്, കലാനിലയം രാജശേഖരപണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നാല്പത്തെണ്ണീശ്വരത്തപ്പൻ കഥകളിയോഗത്തിന്റെ നളചരിതം രണ്ടാംദിവസത്തിലെ കാട്ടാളനും ദമയന്തിയും കഥകളിയും അരങ്ങേറി.