പ്രണവ് മോഹൻലാലിൽന്റെ യാത്രകൾ എപ്പോഴും വൈറലാണ്. മലയാള സിനിമയിലെ താരപുത്രൻ ആയിരുന്നിട്ട് കൂടി ഈ യാത്രകളെല്ലാം പ്രണവ് നടത്താറുള്ളത് തികച്ചും ഒരു സാധാരണ മനുഷ്യനായിട്ടാണ്. തികച്ചും ലളിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് പ്രണവ് തന്റെ യാത്രകൾ നടത്താറുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് പ്രണവിന്റെ യാത്രകൾ വൈറലാകുന്നതും.
ഇപ്പോഴിതാ പ്രണവിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഒരു യാത്രയ്ക്കിടെ പ്രണവിനെ വഴിയില്‍ കണ്ടപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ അദ്ദേഹത്തോട് സംസാരിക്കുന്നതാണ് വീഡിയോയിൽ അടങ്ങിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കൾ വീഡിയോ എടുത്തുകൊണ്ട്, നമുക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ എന്ന് ചോദിച്ച് കൊണ്ട് പ്രണവിന് നേരെ കാമറ തിരിക്കുകയും, തുടർന്ന് പ്രണവിനോട് 'എവിടെയോ കണ്ട് പരിചയമുണ്ടല്ലോ ' എന്നും 'പേരെന്താണെ'ന്നും തമാശ രൂപേണ ചോദിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനെല്ലാം മറുപടി ഒരു സൗമ്യമായ ചിരിയിൽ ഒതുക്കിക്കൊണ്ട് പ്രണവ് അവരോട് യാത്ര പറഞ്ഞതിന് ശേഷം നടന്നു പോകുന്നതും യുവാക്കളിലൊരാള്‍ 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍' എന്ന് പറയുന്നതും വീഡിയോയിലുണ്ട്. അടുത്തിടെ തന്റെ സഹോദരി വിസ്മയോടും തന്റെ കൂട്ടുകാരുമൊത്ത് യാത്രയിലായിരുന്ന പ്രണവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത പ്രണവിനെ കുറിച്ച് ആരാധകർ പങ്കുവെക്കുന്ന വീഡിയോകളിലൂടേയും ചിത്രങ്ങളിലൂടേയുമാണ് യാത്രവിവരങ്ങൾ അറിയാൻ കഴിയാറുള്ളത്.