കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ചാവിഷയം താരദന്പതികളായ സാമന്തയും നാഗചൈതന്യയും പിരിയുകയാണോ എന്നതാണ്.
എന്നാല്‍ പുറത്ത് വരുന്ന ഇത്തരം റിപ്പോര്‍ട്ടുകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. സാമന്തയും നാഗചൈതന്യയും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ നാഗചൈതന്യയുടെ അച്ഛൻ പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കാണുന്നതില്‍ നിന്നു പിന്മാറിയതും ചര്‍ച്ചയായിരുന്നു. ഇതിനിടെ നാഗചൈതന്യയുടെ മാധ്യമങ്ങളോടുള്ള സമീപനവും ചര്‍ച്ചയായിരിക്കുകയാണ്.
നാഗചൈതന്യയും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ലൗ സ്റ്റോറി റിലീസിന് തയാറെടുക്കുകയാണ്. റിലീസിന് മുന്നോടിയായി നടക്കുന്ന പ്രെമോഷന് പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 24-നാണ് സിനിമയുടെ റിലീസ്.
റിലീസിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിന് ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് നാഗ ചൈതന്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട യാതൊരു ചോദ്യവും വേണ്ടെന്നാണ് നാഗചൈതന്യ തന്റെ പിആര്‍ ടീമിനെ അറിയിച്ചിരിക്കുന്നത്.
സാമന്തയും താനും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാടില്ലെന്ന് പിആര്‍ ടീമിനോട് നാഗ ചൈതന്യ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
താരത്തിന്റെ ആവശ്യം മനസിലാക്കിയ നിര്‍മാതാക്കളും വ്യക്തിജീവിതത്തിന്റെ സ്വകാര്യതയെ മാനിക്കുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോള്‍ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കളും ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ എത്രയൊക്കെ മുന്നൊരുക്കം ഉണ്ടായാലും ചിലപ്പോള്‍ പത്രസമ്മേളനത്തില്‍ ആരെങ്കിലും വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ താന്‍ അവിടെ വച്ച് തന്നെ ഇറങ്ങിപ്പോകുമെന്നും നാഗചൈതന്യ തന്റെ പിആര്‍ ടീമിനോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ ലൗ സ്റ്റോറിയുടെ ട്രെയ്ലറിനോടുള്ള സാമന്തയുടെ പ്രതികരണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിലെ നായികയായ സായ് പല്ലവിക്ക് മാത്രമാണ് സാമന്ത ആശംസ നേര്‍ന്നത്. സാമന്തയുടെ ട്വീറ്റിന് നന്ദി പറഞ്ഞ നാഗചൈതന്യ നന്ദി സാം എന്ന് മാത്രമായിരുന്നു കുറിച്ചത്. ദമ്പതികള്‍ക്കിടയിലെ ഈ ഫോര്മാലിറ്റിയും ആരാധകരുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.