തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളുമെല്ലാം ഒരുപാട് ആഘോഷിച്ചതാണ്.
എന്നാല്‍ കുറച്ചുനാളുകളായി പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്. സോഷ്യല്‍ മീഡിയയിലെങ്ങും സാമന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാവുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്.
സാമന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര് നെയിം ആയ അക്കിനേനി എന്നത് മാറ്റിയതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. തുടക്കത്തില്‍ താരം തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
പിന്നാലെ താരങ്ങള്‍ പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു. ഇതിനിടെ സാമന്ത പങ്കുവച്ച ചില പോസ്റ്റുകളും സ്റ്റോറികളും വിവാഹ മോചനമെന്ന സൂചന നല്കുന്നതുമായിരുന്നു.
ഒരു വശത്ത് വിവാഹ മോചന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സാമന്ത പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകരില്‍ സംശയം കൂട്ടിയിരിക്കുകയാണ്. ഒരു കിളിക്കൂടിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത എന്നു സാമന്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുകയാണ്. സാമന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന ചര്‍ച്ചകള്‍ക്ക് കരുത്തു പകരുന്നതായി മാറുകയാണ് താരത്തിന്റെ ഈ സ്റ്റോറിയും.
ഇതിനിടെ ഇതേ വിഷയം നാഗചൈതന്യയുടെ അച്ഛനും സൂപ്പര്‍ താരവുമായ നാഗാര്‍ജുനയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ് ബോസ് തെലുങ്കിന്റെ അവതാരകനാണ് നാഗാര്‍ജുന. പുതിയ സീസണ് ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നാഗാര്‍ജുന മാധ്യമങ്ങളെ കാണുന്ന പതിവുണ്ടായിരുന്നു.
എന്നാല്‍ പത്രസമ്മേളനം അവസാന നിമിഷം താരം ഉപേക്ഷിച്ചിരിക്കുകയാണ്. പത്രസമ്മേളനം വേണ്ടെന്നു വയ്ക്കാനുള്ള കാരണമായി പറയുന്നത് കൊവിഡ് പ്രതിസന്ധിയാണെന്നാണ്. എന്നാല്‍ ബിഗ് ബോസിന്റെ മറ്റ് പ്രൊമോഷന് പരിപാടികളൊക്കെ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം തന്നെ നടക്കുന്നുണ്ട്.
അങ്ങനെയിരിക്കെ നാഗാര്‍ജുന മാധ്യമങ്ങളെ കാണുന്നതില്‍ നിന്നു പിന്മാറിയതിന്റെ കാരണം നാഗ ചൈതന്യയും സാമന്തയും തമ്മില്‍ പിരിയുകയാണോ എന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ സാധിക്കാത്തതു കൊണ്ടാണെന്നാണ് വിലയിരുത്തലുകള്‍.
നേരത്തെ നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തില്‍ സാമന്തയുടെ അസാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നാഗാര്‍ജുനയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സാമന്ത കാത്തുസൂക്ഷിച്ചിരുന്നത്. എല്ലാവരും ചേര്‍ന്ന് യാത്രകള്‍ പോകുന്നതും ആഘോഷങ്ങളുടെ ഭാഗമാകുന്നതുമെല്ലാം പതിവായിരുന്നു.
നാഗാര്‍ജുനയുടെ പിറന്നാളില്‍ നിന്നു സാമന്ത വിട്ടു നില്ക്കണമെങ്കില് അതിനു പിന്നില്‍ വലിയൊരു കാരണമുണ്ടാകുമെന്നും അത് വിവാഹ മോചനം തന്നെയാകുമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.