മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഗായകൻ എന്നത് പോലെ റിയാലിറ്റി ഷോയിലെ വിധികർത്താവായും അവതാരകനായുമെല്ലാം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എംജി.
എംജിയെക്കുറിച്ച് പറയുന്പോഴെല്ലാം കടന്നു വരുന്ന പേരാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടേത്. ഇരുവരും പലപ്പോഴും ഒരുമിച്ചാണ് വേദികളിൽ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടതാണ്.
ഗായകനായ എംജി അഭിനയ രംഗത്തും കൈ വച്ചിട്ടുണ്ട്. പലപ്പോഴായി പലരും ചോദിച്ചിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് ലേഖ സിനിമയിൽ അഭിനയിക്കാത്തത് എന്നത്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവർ മനസ് തുറന്നത്.
എനിക്ക് സിനിമയിൽ അഭിനയിക്കാൻ മൂന്ന് തവണ അവസരം ലഭിച്ചിരുന്നു. എന്നാൽ ഞാൻ അതു നിരസിക്കുകയായിരുന്നു. സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ഡയറക്ടർ വരെ അവസരവുമായി എത്തിയിരുന്നു. എന്നാൽ താൻ നോ പറയുകയായിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ പറ്റുന്ന പല മുഹൂർത്തങ്ങളിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ട്. അതുകൊണ്ട് അഭിനയം എനിക്ക് പറ്റാത്ത കാര്യമാണ്.
എന്റെ ചെറു പ്രായത്തിൽ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം വന്നിരുന്നു. സിനിമയിലെ ഒട്ടുമുക്കാൽ പേർക്കും അറിയുന്ന ഒരാളാണ് താര ആർട്സ് വിജയൻ. എല്ലാവരും സ്നേഹത്തോടെ വിജേയട്ടൻ എന്നു വിളിക്കും. അദ്ദേഹമായിരുന്നു എനിക്ക് സിനിമയിലൊരു ചാൻസുമായി വന്നത്.
എന്നാൽ എനിക്ക് താൽപര്യം സിനിമയോടല്ലായിരുന്നു. ഡാൻസ് പഠിക്കാനും ഡാൻസ് സ്കൂൾ തുടങ്ങണം എന്നൊക്കെയൊരു മോഹമായിരുന്നു. എനിക്ക് പറ്റുന്ന കാര്യമല്ല വിജയേട്ടാ എന്നു പറഞ്ഞ് അതീന്ന് ഒഴിവായി. വിജയേട്ടൻ എനിക്കൊരു ഓഫർ തന്നു. പക്ഷെ എനിക്ക് താൽപര്യമില്ലായിരുന്നു. അത് ചെയ്യരുതെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ തന്നെ സ്വയം എടുത്ത തീരുമാനമായിരുന്നു.
അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴത്തെ നിർമാതാവും പിന്നീട് നടനുമായ ഒരാൾ എന്നെ സമീപിച്ചു. ഏത് സിനിമയാണെന്നൊന്നും ഞാൻ പറയുന്നില്ല. അപ്പോഴും എനിക്ക് അഭിനയത്തോട് വല്ലാത്ത ആവേശമൊന്നുമുണ്ടായില്ല. അത് കഴിഞ്ഞ് 2020-ൽ പ്രമുഖനായ ഒരു സംവിധായകൻ എന്നെ സമീപിച്ചു. നേരിട്ടല്ല മറ്റൊരാൾ വഴിയായിരുന്നു.
വളരെ വലിയൊരു സംവിധായകനാണ്. ഒരുപാട് ഹിറ്റ് സിനിമകളും സൂപ്പർ ഹിറ്റ് സിനിമകളുമൊക്കെ സംവിധാനം ചെയ്ത ഡയറക്ടറാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ഏതൊരാൾക്കും അഭിമാനമാണ്. ഗോവയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ഏത് സിനിമയാണെന്ന് പറയുന്നില്ല. ശ്രീക്കുട്ടന്റെ പിന്തുണയുണ്ടായിരുന്നു. നി പോയി ചെയ്യെന്നൊക്കെ പറഞ്ഞു. പക്ഷെ അവിടെ നിന്നും ഞാൻ പിന്മാറുകയായിരുന്നു- ലേഖ പറഞ്ഞു.