ദിലീപ് സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത സിനിമയാണ് മീനത്തില്‍ താലികെട്ട്. ഓമനക്കുട്ടന് എന്ന ദിലീപ് കഥാപാത്രത്തിന്റെ സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ അമ്പിളി എന്ന ബാലതാരവും ആ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാത്സല്യം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലടക്കം ചെറിയ പ്രായത്തില്‍ ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് അമ്പിളി. പിന്നീട് നായികയായി വരുമെന്ന് കരുതി പ്രേക്ഷകർ കാത്തിരുന്നെങ്കിലും അമ്പിളിയെ പിന്നീട് സിനിമയില്‍ കണ്ടില്ല.
തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ അമ്പിളി അടുത്ത കാലത്ത് മനസ് തുറന്നിരുന്നു.
"ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി അഭിനയിക്കണമെന്ന് ആ സിനിമയുടെ അണിയറക്കാര്‍ എന്നോട് പറഞ്ഞിരുന്നു. വലുതാകുന്പോൾ എന്റെ നായികയായി വരണമെന്ന് മീനത്തില്‍ താലികെട്ടിന്റെ സമയത്ത് ദിലീപേട്ടന് പറയുമായിരുന്നു. മീനത്തില്‍ താലികെട്ട് സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 13 വയസേ ഉള്ളു. നായിക ആവുന്നതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല.
ഞാനന്ന് മാറ്റി വെച്ച ചന്ദനുദിക്കുന്ന ദിക്ക് എന്ന സിനിമയിലെ റോളാണ് പിന്നീട് കാവ്യ മാധവന് ചെയ്യുന്നത്. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് എനിക്ക് മുടിയില്ല. ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു.
ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒന്‍പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട് ഉണ്ടായത്. പിന്നെ എന്നെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരന് പഠിക്കുകയാണ്. ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. ഞാന്‍ ചെറിയ കുട്ടി ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും സാധിക്കില്ല. അങ്ങനെ അത് നിന്ന് പോവുകയായിരുന്നു- അമ്പിളി പറഞ്ഞു.