ചലച്ചിത്രമേളകളിൽ പ്രേക്ഷകശ്രദ്ധ നേടിയ 'രണ്ടു പേർ' ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തി. നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് രണ്ടു പേര് എത്തിയത്. നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍യാത്രയാണ് പറയുന്നത്.
പുതിയ തലമുറയുടെ ബന്ധങ്ങളുടേയും ബ്രേക്കപ്പുകളുടേയും രസതന്ത്രം രണ്ട് അപരിചിതരുടെ കാര്‍യാത്രാസമയത്തെ സംഭാഷണത്തിലൂടെ അനാവരണം ചെയ്യുന്ന പുതുമയുള്ള മേക്കിംഗിലൂടെയാണ് 2017 ഐഎഫ്എഫ്കെയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ടു പേര് ചര്‍ച്ച ചെയ്യപ്പെട്ടത്.
സിനിമാ ടിക്കറ്റ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ബേസില്‍ പൗലോസാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും അഭിനയിക്കുന്നു.