കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ് വാക്സിനേഷൻ സംഘടിപ്പിച്ച് താരസംഘടനയായ അമ്മ. താരങ്ങളെയും കുടുംബാംഗങ്ങളെയും , ഒപ്പമുള്ള സഹായികളെയും, ആശ്രിതരേയും, കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കലൂരിലെ 'അമ്മ' ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. നമുക്കെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായുള്ള വലിയൊരു ചുവടുവയ്പ്പാണ് വാക്സിനേറ്റഡ് ആവുകയെന്ന് മഞ്ജു വാര്യർ പറയുകയുണ്ടായി. നിരവധി താരങ്ങളും ചടങ്ങിന്റെ ഭാഗമായി.
കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ മുൻകൂർ റജിസ്ട്രേഷനിലൂടെയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇനിയും വാക്സിൻ ചെയ്യാത്ത അംഗങ്ങളെയും രണ്ടാമത്തെ ഡോസിനു സമയമായവരെയും കണ്ടെത്തിയാണ് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പൂർണ്ണമായ ചിലവും "അമ്മ" തന്നെയാണ് വഹിക്കുന്നത്.
അമൃത ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, മഞ്ജു വാര്യർ, ഹൈബി ഈഡൻ എം.പി. കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ, പി ടി തോമസ് എം. എൽ. എ, സിനിമാ താരങ്ങളായ രചന നാരായണൻകുട്ടി , ബാബുരാജ്, ടിനി ടോം, അമൃത ഹോസ്പിറ്റൽ പ്രതിനിധി ഡോ. ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.