ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമൽ. ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ നിഖിലയുടേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് ആണ്.
ഇപ്പോഴിതാ, ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കുഴപ്പമില്ലെങ്കിലും ചില അവസരങ്ങളിൽ സെൽഫി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തുറന്നുപറയുകയാണ് നിഖില. വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് സെല്‍ഫി എടുക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ പാടാണെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് കുറേ ടൈം അവിടെ ചെലവഴിക്കേണ്ടി വരുമെന്നും നടി പറയുന്നു.
"നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും.'- നിഖില കൂട്ടിച്ചേർക്കുന്നു.
അത് പോലെ സിനിമയില്‍ നിന്നു കിട്ടുന്ന പ്രതിഫലമാണ് തനിക്ക് ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നതെന്നും നടി പറയുന്നു. ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ തനിക്ക് വലിയൊരു സംതൃപ്തി തരില്ലെന്നും നിഖില പറഞ്ഞു.