മോഹന്‍ലാല്‍ നായകനായി ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസായ ദൃശ്യം 2 വന്‍ വിജയമാണ് നേടിയത്. റിലീസായി നാളുകള്‍ക്ക് ശേഷവും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിരൂപണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും വലിയ അഭിപ്രായങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത ഗണേഷ് കുമാറിന്റേത്. സംവിധായകന് ജീത്തു ജോസഫിനെക്കുറിച്ചുള്ള അഭിപ്രായമാണ് ഗണേഷ്കുമാര് പങ്കുവച്ചത്.
സിനിമയെക്കുറിച്ച് ജീത്തുവിന് നല്ല ധാരണയാണുള്ളത്. സിനിമ പെര്‍ഫക്ട് ആയിരിക്കണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ട്. ഡബ്ബിംഗ് ഒക്കെ കഴിഞ്ഞ് ദൃശ്യം 2 റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഒരു ദിവസം ജീത്തു വിളിച്ചിട്ട് പറയുകയാണ്, ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം. പറഞ്ഞ തീയതി മാറിപ്പോയി... എന്ന്.
വരുണിന്റെ ബോഡി, റബര്‍ മരങ്ങളുടെ ഇടയില്‍ കുഴിച്ചിട്ടുകാണും എന്ന് പറയുന്ന ഡയലോഗാണ്. അതില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് മാറിപ്പോയിരുന്നു. ഞാന്‍ വീട്ടിലിരുന്നു ഫോണില്‍ റിക്കാര്‍ഡ് ചെയ്താണ് അത് അയച്ചുകൊടുത്തത്. പിന്നീട് അതു സിനിമയ്ക്കൊപ്പം ചേര്‍ത്തു. ഒരു തെറ്റുപോലും വരാന്‍ പാടില്ലെന്ന നിര്‍ബന്ധമാണ് ആ പെര്‍ഫെക്ഷനു പിന്നില്‍- ഗണേഷ് കുമാര്‍ പറഞ്ഞു.