വിഷയം കൊണ്ടും ശൈലി കൊണ്ടും സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ സിനിമകളിലൊന്നാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. അടുക്കളയിൽ തളയ്ക്കപ്പെട്ടുപോകുന്ന പെൺജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രം ഏറെ നിരൂപക പ്രശംസ നേടി. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലോകത്തെ ഓരോ അടുക്കളയിലും എരിഞ്ഞുതീരുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സിനിമയാണതെന്നാണ് നായിക നിമിഷ സജയൻ അഭിപ്രായപ്പെട്ടത്. ആ കഥാപാത്രത്തെ താന്‍ സമീപിച്ചതും ആ രീതിയിലാണെന്നും നടി പറഞ്ഞു.
അതേസമയം, സിനിമ കണ്ടതിന് ശേഷം അമ്മയെ ഓര്‍മവന്നു എന്നാണ് മിക്കവരും പറഞ്ഞതെന്നും ഭാര്യയെ ഓര്മ വന്നു എന്ന് പറഞ്ഞവര്‍ ചുരുക്കമാണെന്നും നിമിഷ പറയുന്നു.