നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം പ്രദർശനത്തിനെത്തുന്നു. ശിവറാം മണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം 29ന് ഉച്ചകഴിഞ്ഞു 2.30ന് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസാകും.
കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷമേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടുതന്നെ തി.മി.രം എന്ന സിനിമയുടെ പേര്, ആന്തരികമായ അർഥതലങ്ങൾ ഉൾക്കൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.
കെ.കെ. സുധാകരൻ, വിശാഖ് നായർ, രചന നാരായണ്‍കുട്ടി, ജി. സുരേഷ് കുമാർ, പ്രഫ. അലിയാർ, മോഹൻ അയിരൂർ, മീരാ നായർ, ബേബി സുരേന്ദ്രൻ, കാർത്തിക, ആശാനായർ, സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.
ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സുധാകരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ എന്നിവരുടെ വരികൾക്ക് അർജുൻ രാജ്കുമാർ സംഗീതം പകരുന്നു.