മട്ടന്നൂർ: നിയമസഭയുടെ അന്തസിനു ചേരാത്ത സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
സഭയിൽ ഇല്ലാത്തയാളെക്കുറിച്ച് ചർച്ച ചെയ്യുന്നത് ശരിയായ രീതിയല്ല. ജനാധിപത്യപരമായ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് പ്രതിപക്ഷം ചർച്ച മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കുകയാണ്. കോൺഗ്രസ് തന്നെയാണ് ഇതിനു പിന്നിലെന്നു സംശയിക്കാം. എകെജി സെന്റർ ആക്രമിക്കുമെന്ന് കോൺഗ്രസുകാർ നവമാധ്യമങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.