ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ യുവനടിയാണ് ഗൗതമി നായർ. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോയിലൂടെ മലയാളത്തിലെത്തിയ ഗൗതമി പിന്നീട് ലാൽജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ വേഷത്തിലൂടെ ശ്രദ്ധനേടി.
പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും അടുത്തിയെ ഗൗതമിയുടേതായി ചിത്രങ്ങളൊന്നുമുണ്ടായില്ല. ഇതിനെക്കുറിച്ച് വിശദീകരിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
താന്‍ എവിടെയും പോയിട്ടില്ലെന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അതിനര്‍ഥം സിനിമ വിട്ടെന്നല്ലെന്നും ഗൗതമി പറയുന്നു. താന്‍ അഭിനയം നിര്‍ത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. അഭിനയിക്കില്ലെന്നോ അഭിനയം നിര്‍ത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കിയെന്നും നടി കൂട്ടിച്ചേർത്തു.
"നല്ല സിനിമകള്‍ വരാത്തതു കൊണ്ട് ഞാൻ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേര്‍ന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാൻ..' - ഗൗതമി പറയുന്നു. -