സൂപ്പർതാരം മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തിന്റെ പൂജ നടന്നു. കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ്, സുരേഷ് കുമാർ ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഫെബ്രുവരി അവസാനത്തോടെ എറണാകുളത്ത് ചിത്രത്തിന്റെ സെറ്റ് ജോലികള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. നവോദയ സ്റ്റുഡിയോയിൽ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും ചേർന്നിരുന്നു. പൃഥ്വിയും പ്രതാപ് പോത്തനും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ബറോസിൽ മോഹൻലാൽ തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. പോർച്ചുഗീസ് പശ്ചാത്തലമുള്ള ചിത്രത്തിൽ വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തെയാണ് താരം അവതരിപ്പിക്കുന്നത്.
നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസിനു മുന്നിൽ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം. പൃഥ്വിയും പ്രതാപ് പോത്തനും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സ്പാനിഷ് നടി പാസ് വേഗയാണ് നായിക.
മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു.