മറയൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. പള്ളാനാട് മംഗളം പാറ സ്വദേശി ദുരൈരാജാണ് (58) കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മംഗളംപാറയിലുള്ള കൃഷിയിടത്തിൽ താമസിക്കുന്ന ദുരൈരാജ് മറയൂർ ടൗണിലെത്തി വീട്ടുസാധനങ്ങളും ഭക്ഷണവും വാങ്ങി നടവഴിയിലൂടെ വീട്ടിലേക്ക് മടങ്ങും വഴി സമീപവാസിയുടെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്.
പള്ളനാട് മേഖലയിൽ സ്ഥിരം സാന്നിധ്യമായ കാട്ടുപോത്താണ് ദുരൈരാജിനെ കൊലപ്പെടുത്തിയതെന്നും ഇതിനെ തുരത്തുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി ആശുപത്രിയിലേക്ക് നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു.
ഡിഎഫ്ഒ സ്ഥലത്തെത്തി നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. മറയൂർ പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൗർണമിയാണ് ദുരൈരാജിന്റെ ഭാര്യ.