മലയാള സിനിമയിലെ പ്രിയപ്പെട്ട ദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. തന്റെ സിനിമ വിശേഷങ്ങള്‍ മാത്രമല്ല വീട്ടു വിശേഷങ്ങളും ചാക്കോച്ചന് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മകന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാര്യ പ്രിയയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് തുറന്നു പറയുകയാണ് കുഞ്ചാക്കോ. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തങ്ങള്‍ പരസ്പരം എങ്ങനെ ഇഷ്ടമായി എന്നതിനെ കുറിച്ച് കുഞ്ചാക്കോ ബോബന് തുറന്ന് പറഞ്ഞത്.
"അതൊരു ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു. നക്ഷത്രത്താരാട്ട് സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലില്‍ താമസിക്കുന്നു. അന്ന് ഇതുപോലെ സെല്‍ഫി, ഫോണ്‍ പരിപാടികള്‍ ഒന്നുമില്ല. മാര്‍ ഇവാനിയോസ് കോളജിലെ പിള്ളേര് കാണാന്‍ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനില്‍ നിന്നു വിളിച്ചു പറഞ്ഞു.
ഞാന്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ അവിടെ കുറച്ചു സുന്ദരികളായ പെണ്‍കുട്ടികള്‍ നില്ക്കുന്നു. എല്ലാവര്ക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളില്‍ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓര്‍മ്മയുണ്ട്, പാമ്പിന്റെ സ്റ്റൈലില്‍ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്.
അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ പ്രിയയ്ക്ക് എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കിട്ടി. നിര്‍മ്മാതാവായ ഗാന്ധിമതി ബാലന്റെ മകള്‍ പ്രിയയുടെ സുഹൃത്താണ്. എന്റെ നമ്പര്‍ അവിടെ നിന്നാണ് അവള് സംഘടിപ്പിച്ചത്. പതിയെ പതിയെ അതൊരു സൗഹൃദമായി മാറി.
പ്രിയയുടെ വീട്ടുകാര്‍ക്ക് ആദ്യം പേടിയുണ്ടായിരുന്നു. സിനിമാക്കാരനൊക്കെ ആയതു കൊണ്ട് പറഞ്ഞു പറ്റിക്കാനുള്ള പരിപാടിയാണോയെന്ന്. അന്ന് പ്രിയ പ്രീഡിഗ്രിക്ക് പഠിക്കുന്നതേയുള്ളൂ, കൊച്ചു കുട്ടിയാണ്. വേറെ ആരെയും പ്രേമിക്കാന്‍ ഞാന്‍ സമയം കൊടുത്തില്ല.
പ്രിയയ്ക്ക് എന്‍ജിനീയറിങ് പഠിക്കണമെന്നുണ്ടായിരുന്നു, അതിനു സമയം വേണമായിരുന്നു. പഠനം കഴിയുന്നത് വരെ ഞാന്‍ കാത്തിരുന്നു, അങ്ങനെയാണ് വിവാഹം സംഭവിക്കുന്നത്' - കുഞ്ചാക്കോ ബോബന് പറഞ്ഞു.