സലിംകുമാർ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ബാംബു ബോയ്സ്. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിൽ കാട്ടുമനുഷ്യരുടെ വേഷത്തിലാണ് നാൽവരും എത്തിയത്. വർഷങ്ങൾക്കിപ്പുറം ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സലിംകുമാർ.
സിനിമയിലെ ഒരു വള്‍ഗര്‍ സീനില്‍ അഭിനയിക്കില്ലെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ തനിക്ക് പകരം വേറൊരു നടനെ വെച്ചാണ് ആ ഷോട്ട് പിന്നീട് എടുത്തതെന്ന് സലിംകുമാർ പറഞ്ഞു.
"സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ്ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. ഐസ്ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീൻ. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു.'- സലിംകുമാർ പറഞ്ഞു.
ഒരു നടന് വെറും ടൂള്‍ മാത്രമാണ്. നടന് ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിംഗ് തടസപ്പെടുത്തി എന്ന് പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.