മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരു സിനിമയിൽ ഒരുമിക്കുന്നു. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീനയാണ്. വനിതാദിനാശംസകൾ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കു വച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും സിൻ - സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച് പാർവതി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിനിടെ ആയിരുന്നു സംഭവം. താൻ ഈ അടുത്ത് മലയാളത്തിൽ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരം ആണെന്നുമായിരുന്നു പാർവതിയുടെ വിമർശനം.
ഈ വിമർശനം ഉന്നയിച്ചതിനു പിന്നാലെ പാർവതിക്ക് നേരെ വലിയ സൈബർ ആക്രമണം ഉണ്ടായിരുന്നു. കസബ വിവാദത്തിന് ശേഷം തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടെന്നും പാർവതി പറഞ്ഞിരുന്നു. കസബ വിവാദത്തിൽ താൻ പറഞ്ഞതിൽ തെറ്റില്ലെന്നും താൻ ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും പിന്നീട് പാർവതി പറഞ്ഞിരുന്നു.