കൊച്ചി: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നു വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച കര്‍മപദ്ധതി ഹൈക്കോടതി അംഗീകരിച്ചൂ.
ഇതേ തുടര്‍ന്ന് കുട്ടികള്‍ക്ക് ഹോമിയോ മരുന്നു വിതരണം ചെയ്യാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. എം.എസ്. വിനീത് നല്കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നേരത്തേഹര്‍ജി പരിഗണിച്ചപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു നല്‍കുന്നതിനായി ഹോമിയോപ്പതി ഡയറക്ടര്‍ തയാറാക്കി സമര്‍പ്പിച്ച കരുതലോടെ മുന്നോട്ട് എന്ന കര്‍മപദ്ധതി തത്ത്വത്തില്‍ അംഗീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
രക്ഷിതാക്കളുടെ മുന്‍കൂര്‍ അനുമതി വാങ്ങി കുട്ടികള്‍ക്ക് മരുന്നു വിതരണം ചെയ്യാനും ഇതിനായി വേണ്ടത്ര മരുന്നു സംഭരിക്കാനും ഹോമിയോ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
എന്നാല്‍ ഈ ഹോമിയോ മരുന്നിന്റെ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്നും കുട്ടികള്‍ക്ക് നല്‍കരുതെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിയില്‍ കക്ഷി ചേരാന്‍ രണ്ടു പേര് നല്കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല.
ഹോമിയോ പ്രാക്ടീഷണറായിരുന്ന ആരിഫ് ഹുസൈന് തെരുവത്തും കരള്‍ രോഗ വിദഗ്ധനായ സിറിയക് അബി ഫിലിപ്പും നല്കിയ അപേക്ഷകളാണ് ഹൈക്കോടതി നിരസിച്ചത്. കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ നല്കുന്ന മരുന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു ഇവരുടെ വാദം. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേകം ഹര്‍ജി നല്കാന് നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് കക്ഷി ചേരാനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു.