കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരേ എംപിമാരായ ടി.എന്‍. പ്രതാപന്, ഹൈബി ഈഡന് എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടി. വിശദീകരണം നല്കാന് ലക്ഷദ്വീപ് അധികൃതര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി 23നു പരിഗണിക്കാന്‍ മാറ്റി. ദ്വീപിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലേയെന്ന് വാക്കാല്‍ ചോദിച്ച ഹൈക്കോടതി, ചിലര്‍ക്കു മാത്രം അനുമതി നല്‍കുകയും എംപിമാര്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. രണ്ടു നിലപാട് പാടില്ലെന്നും വാക്കാല്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഹര്‍ജി വിശദീകരണത്തിനായി മാറ്റിയത്.